Followers

Monday, July 20, 2015

താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905


ചിത്രകാരന്‍റെ പുതിയ പെയിന്റിങ്ങ് , 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം 1905'  ഈ ജുലൈ 19 നു പൂര്‍ത്തിയായിരിക്കുന്നു.
My new painting "Thathrikutty's smarthavicharam-1905'', completed on I9th July 2015. Medium : Acylic on Canvas board. size: 57 cm x 89 cm.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും പഴഞ്ചൻ വിശ്വാസങ്ങളുടെ ഇരുട്ടറയിൽ സ്വയം തളച്ചിട്ട് വർത്തമാന കാലത്തിനു പുറം തിരിഞ്ഞിരുന്ന കേരളത്തിലെ നമ്പൂതിരി സമുദായത്തെ നവോത്ഥാന ആശയങ്ങളിലേക്ക് ഞെട്ടിയുണർത്തിയ ധീര വനിതയായി കുറിയേടത്തു താത്രിക്കുട്ടിയെ രേഖപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സാംസ്ക്കാരികതയെ സത്യസന്ധമാക്കാനുള്ള ഒരു എളിയ പ്രവര്‍ത്തനമായി ഈ ചിത്രത്തെ കാണാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തെ 1200 വർഷം നീണ്ടുനിന്ന ഭ്രാന്താലയ സമാനമായ ജീർണ്ണ-ജാതീയ  സമൂഹമാക്കുന്നതിന്റെ കാർമ്മികത്വം വഹിച്ച നമ്പൂതിരി സമൂഹം സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടു മുമ്പു വരെ അവർ സ്വയം നിര്‍മ്മിച്ച മേധാവിത്വ നാശത്തിന്റെ പടുകുഴിയിൽ തന്നെയായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തങ്ങളുടെ തകർന്നടിഞ്ഞ മേധാവിത്വ ബോധത്തിന്റെ വിഴുപ്പു ഭാണ്ഡങ്ങൾക്കടിയിൽ കിടന്ന് ആചാരങ്ങളുടെ കണക്കൊപ്പിക്കാൻ പാടുപെടുകയായിരുന്നു ഈ പഴയ കാല ഭൂദേവന്മാർ.
ബ്രാഹ്മണരുടെ സവര്‍ണ്ണ ജാതീയ ഹിന്ദുമതം നൂറ്റാണ്ടുകളായി അടിമകളാക്കി ചവിട്ടിമെതിക്കപ്പെട്ട കേരളത്തിന്‍റെ അടിസ്ഥാന ജനവിഭാഗം പോലും ബ്രിട്ടീഷുകാര്‍ നല്‍കിയ അക്ഷര വെളിച്ചത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉള്‍ക്കരുത്തോടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘം സ്ഥാപിക്കുന്ന 1905 ലാണ് നമ്പൂതിരി സമുദായത്തിലെ താത്രിക്കുട്ടി എന്നാ ഒരു സ്ത്രീ അടുക്കള ദോഷം എന്ന ചാരിത്ര്യ കുറ്റം ആരോപിക്കപ്പെട്ട് സമുദായത്തിന്‍റെ ചട്ടപ്പടി വിചാരണക്ക് വിധേയയാകുന്നതും 64 പുരുഷന്മാരെയും താത്രിക്കുട്ടിയെയും ഭ്രഷ്ട് കല്‍പ്പിച്ചു സമുദായത്തില്‍ നിന്നും പുറത്താക്കുന്നതും. ഒരു അന്തര്‍ജ്ജനം ശൂദ്ര (നായര്‍), അമ്പലവാസി സ്ത്രീകള്‍ക്ക് മാത്രം വിധിച്ചിട്ടുള്ള അച്ചി ചരിത നായികയെപ്പോലെയോ സന്ദേശകാവ്യ മാദക തിടംബുകളായോ പരിണമിക്കുന്നത് പുരുഷാധിപത്യത്തിന്‍റെ കോട്ടയായിരുന്ന ബ്രാഹ്മണ സമുദായത്തിന് താങ്ങാനാകാത്ത സ്ത്രീശരീരത്തിന്‍റെ  വിസ്ഫോടനമാണ്.


കഠിനമായ സദാചാര സമുദായ നിയമങ്ങളാൽ വരിഞ്ഞു കെട്ടി, അടുക്കളകളിലും മറക്കുടക്കുള്ളിലുമായി അടിമ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടിരുന്ന നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും മലയാള സാഹിത്യത്തിൽ പഴയ കാലത്ത് സുലഭമായിരുന്ന ഒരു സന്ദേശ കാവ്യ നായികയോ അല്ലെങ്കിൽ ഒരു ചെറുകിട ശരീര വിൽപ്പനക്കാരിയോ ഒരു താത്രിക്കുട്ടിയോ  1100 വർഷത്തിനിടക്ക് എന്തു കൊണ്ടു പിറന്നില്ല ? അതിന്റെ കാരണം നമ്പൂതിരിമാർ സദാചാര വിഷയത്തിൽ പുലർത്തിയിരുന്ന ഇരട്ടതാപ്പിലേക്ക് വിരൽചൂണ്ടുന്നു.

സവർണ്ണ ഹിന്ദു മതത്തിൽ കേരളത്തിൽ ഭൂദേവന്മാരായ നമ്പൂതിരിമാരും, ഭൃത്യരായ നായന്മാരും, ഈ രണ്ടു സമുദായങ്ങളുടെ മിശ്ര വർഗ്ഗമായ അമ്പലവാസികളും  മാത്രമേ ഉൾപ്പെടുന്നുള്ളു.(ഈ മൂന്നു വിഭാഗത്തിലും പെടാത്ത അവര്‍ണ്ണ ഹിന്ദുക്കള്‍ എന്ന ഭൂരിപക്ഷ ഹിന്ദു സമുദായങ്ങള്‍ ബുദ്ധ-ജൈന പാരമ്പര്യം കാരണം ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യമോ വഴിനടക്കാനുള്ള അവകാശമോ ഇല്ലാതെ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ പൊതു സമൂഹത്തിനു പുറത്തു നില്‍ക്കേണ്ടി വന്നു എന്നചരിത്ര വസ്തുത ഓര്‍ക്കുക).    നായർ സമുദായത്തെയും അമ്പലവാസികളെയും ഭക്തിയുടെഭാഗയാണെന്ന വ്യാഖ്യാനത്തോടെ  തേവിടിച്ചി, പൊലിയാടിച്ചി, എന്നീങ്ങനെയുള്ള കുലീന വേശ്യ വൃത്തിയുടെ (സംബന്ധ വേഴ്ച) വിളനിലങ്ങളായി ബ്രാഹ്മണർ ചവിട്ടിത്തേച്ചു രസിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് തങ്ങളുടെ സ്വന്തം സ്ത്രീകളെ അന്തർജ്ജനങ്ങളും പാതിവൃത്യത്തിന്റെ പര്യായങ്ങളായ ശീലവതികളായും അടിച്ചമർത്തിയും, ചാരിത്ര്യ സംശയങ്ങളുടെ പേരിൽ (അടുക്കള ദോഷം) സ്മാർത്തവിചാരം എന്ന സമുദായ വിചാരണയക്കും, തുടർന്നുള്ള ഏകാന്ത തടവിനും, പടിയടച്ചു പിണ്ഡം വക്കുക എന്ന സമുദായ ഭ്രഷ്ട്ടിനും വിധേയയാക്കിയിരുന്നത്. മനുഷ്യ മനസ്സാക്ഷിക്കു നിരക്കാത്ത ഇരുതല മൂർച്ചയുള്ള ഈ കൊടിയ സ്ത്രീ ചൂഷണ വ്യവസ്ഥിതിയെയാണ് കുറിയേടത്തു താത്രി തന്റെ സ്ത്രീശരീരം കൊണ്ട് തകർത്തു കളഞ്ഞത്.

അന്യ പുരുഷന്മാരെ കാണാനുള്ള സാദ്ധ്യത കണിശമായി ഇല്ലാതാക്കിയും, അടുക്കളയിൽ തളച്ചിട്ടും, പുറത്തിറങ്ങുമ്പോൾ ശവപ്പെട്ടി പോലുള്ള മറക്കുടകളിൽ ഒളിച്ചും, വിചിത്രമായ രീതിയിൽ അടിമ ജീവിതം ജീവിച്ചു തീർത്തിരുന്ന നമ്പൂതിരി സ്ത്രീകൾ മറ്റാരേക്കാളും കേരളത്തിൽ ബ്രാഹ്മണ പൗരോഹിത്യത്താൽ ഏറ്റവും കൂടുതൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നു.

കൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, ക്ഷേത്രങ്ങളിലും, നായർ തറവാടുകളിലുമായി സ്നേഹം പൊഴിച്ചു കൊണ്ടു പ്രേമ പരവശരായി തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന അഫ്ഫന്‍ നമ്പൂതിരിമാരെ നമ്മുടെ പഴയ കാല മണിപ്രവാള കൃതികളായ അച്ചി ചരിതങ്ങളിലും സന്ദേശ കാവ്യങ്ങളിലും സുലഭമായി കാണാവുന്നതാണ്. എന്നാൽ, നമ്പൂതിരി സമുദായത്തിലെ പുരുഷ പ്രജകൾക്കു മാത്രം ലഭ്യമായ ഈ ലൈംഗീക അഴിഞ്ഞാട്ട സ്വാതന്ത്ര്കാലത്ത് സ്ത്രീകള്‍ക്ക്  സ്വന്തം വീട്ടിനുള്ളില്‍ പോലും സ്വതന്ത്രമായി നടക്കാനവകാശമുണ്ടായിരുന്നില്ല.  നമ്പൂതിരി സ്ത്രീകൾക്ക് മനുഷ്യരാണെന്ന പരിഗണന പോലും തങ്ങളുടെ പുരുഷന്മാരില്‍ നിന്നും  അക്കാലത്ത് ലഭ്യമായിരുന്നില്ല. ബ്രട്ടീഷ് ഭരണത്തിനു കീഴിലെ അവസാന ഘട്ടത്തിലെങ്കിലും നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ മനസ്സിലേക്ക് തങ്ങളനുഭവിക്കുന്ന പാരതന്ത്ര്യത്തിന്‍റെ കാടിന്ന്യം ഒരു പോക്കുവെയിലായെങ്കിലും തിരിച്ചറിവ് നല്‍കി  കടന്നു വന്നിരിക്കണം.

നമ്പൂതിരിമാരുടെ പൌരോഹിത്യപരമ്പരയുടെ  വംശശുദ്ധി  നിലനിർത്താനുള്ള കേവലം ഗർഭ പത്രങ്ങളായി മാത്രം ജീവിച്ച നമ്പൂതിരി സ്ത്രീകൾക്കിടയിൽ നിന്നും ഒരു താത്രിക്കുട്ടി സ്ത്രീ ജീവിതത്തിന്റെ ഉത്സവം തന്നെ ആഘോഷിക്കാൻ ധൈര്യപ്പെട്ടത് യാദൃശ്ചികമാകാനിടയില്ല. തന്റെ കൂടെ ശരീരം പങ്കിട്ട സമൂഹ ശ്രേണിയിലെ 64  പ്രമുഖ വ്യക്തിത്വങ്ങളെ സ്മാർത്ത വിചാരണ വേളയിൽ വെളിപ്പെടുത്തുമ്പോഴും അവർക്കെല്ലാം, സാമുദായിക ഭ്രഷ്ട് ശിക്ഷയായി ലഭിക്കുമ്പോഴും, സദാചാര വിചാരണ നടത്തുന്ന സ്മാർത്തനെയും, മീമാംസകരേയും, കൊച്ചി രാജാവിനെയും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ താത്രിക്കുട്ടിയുടെ കൈവശം തന്നെ സുരക്ഷിതമായുണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

1905 ൽ കൊച്ചി രാജ്യത്തു വച്ചു നടന്ന 40 ദിവസം നീണ്ടുനിന്ന കുറിയേടത്ത്  താത്രിയുടെ സ്മാർത്ത വിചാരണ അവസാനിപ്പിക്കുന്നത് താത്രിക്കുട്ടി തന്നെയായിരുന്നു. 65 മത്തെ പങ്കാളിയുടെ പേരു പറയുന്നതിനു പകരം 65 മത്തെ വ്യക്തി താത്രിക്കു സമ്മാനിച്ച മോതിരം സ്മാർത്തനെ കാണിച്ച് 'ഈ പേരും  പറയണമോ ?  ' എന്നാണ് താത്രിക്കുട്ടി ചോദിച്ചത്. മോതിരം കണ്ടതും സ്മാർത്തനും, മീമാംസകരും, രാജാവും പരിഭ്രാന്തരാകുകയും, മതി, മതി! എന്നു പറഞ്ഞ് വിചാരണ അവസാനിപ്പിക്കുകയാണുണ്ടായത്.
ഒരു പക്ഷേ, ആ അടയാള മോതിരം ആദ്യം തന്നെ പുറത്തെടുത്തിരുന്നെങ്കിൽ താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം തന്നെ ചരിത്രത്തിൽ സംഭവിക്കുമായിരുന്നില്ല.

വംശീയതയുടെയും, ജാതീയതയുടെയും  തിന്മ നിറഞ്ഞതും 1200 വര്‍ഷക്കാലത്തെ മനുഷ്യവംശപീഡനത്താല്‍ ശാപഗ്രസ്തവുമായിരുന്ന  സ്ത്രീവിരുദ്ധ ബ്രാഹ്മണ സമുദായത്തിൽ നിന്നും സ്വയം ഭ്രഷ്ടയാക്കപ്പെടാൻ സന്നദ്ധയായ  വിപ്ലവകാരിയായ താത്രി കുട്ടിയിൽ നിന്നുമാണ് നമ്പൂതിരി സമുദായം മാനുഷികതയിലെക്കുള്ള തിരിച്ചു നടത്തം ആരംഭിക്കുന്നതും, ആരംഭിക്കെണ്ടതും. നമ്പൂതിരി സമുദായത്തിന്‍റെ സാമൂഹ്യ പരിഷ്ക്കര്‍ത്താവായി  ആദരിക്കപ്പെടെണ്ട ആ  ധീര വനിതയുടെ ഓര്‍മ്മക്ക്  മുന്നില്‍ ഈ ചിത്രം ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.

No comments: